Wednesday, March 3, 2021


ചന്ദ്രഗാന്ധാരം 


 അർദ്ധചന്ദ്രാ, നിൻ സൗകുമാര്യം 

ഉണർത്തിയെൻ പ്രണയസ്വപ്നങ്ങളെ;

സ്വർണ്ണ നിറത്താൽ ചാലിച്ചെഴുതിയ നിൻ -

പ്രഭാവലയം, ഇന്നെനിക്കൊരു 

നവ്യാനുഭൂതിയാം ഹൃദയസ്പർശം.


അർദ്ധചന്ദ്രാ, നിൻ ശോഭയേറുന്നൊരീ-

രാത്രിയിൽ, വിരഹമായി മാറുന്നൊരീ കാത്തിരിപ്പു,

മടങ്ങുന്നൂ ഞാനെൻ മയക്കത്തിൽ

പ്രതീക്ഷയോടെ,  വീണ്ടുമൊരു മൈഥുന രാവിനായ്.


സൗരകിരണങ്ങൾ നിന്നെ മറച്ചു 

നിൽക്കുമ്പോഴും, എൻ കണിയായ് 

നിൻ മുഖം ഒരു നോക്ക് കാണുവാൻ 

ആഗ്രഹിച്ചീടുന്നൂ സഖീ!


വീണ്ടുമാ കാത്തിരിപ്പിന്നു വിരാമമായി,

പ്രദോഷം വന്നെത്തുന്നു, എൻ സുകൃതം.


അർദ്ധചന്ദ്രാ, രാത്രിയുടെ യാമങ്ങളിൽ 

ജനലരികിൽ വന്നെന്നെ തഴുകുന്ന  നിൻ-

അധരങ്ങളിൽ ഘനീഭവിച്ചൊരു കുളിരിനെ,

നുകരുന്നു ഞാൻ, നിൻ സ്നേഹ സമ്മാനം.


ഇന്നീ രാത്രിയിൽ വിടരുന്ന 

ചെമ്പകം, മുല്ലയും പാരിജാതവും,

പുതുശോഭയോടെ സൽസന്തതികളായി 

വാഴട്ടെ; സാക്ഷിയായ് നമ്മളിരുവരും.


അർക്കൻ ചുവപ്പണിയിച്ച സായം സന്ധ്യയിൽ,

വിടർന്നു നില്കുന്നൊരീ പാരിജാതച്ചോട്ടിൽ

കാത്തിരിക്കുന്നൂ, പ്രണയഗായകൻ.

ചന്ദ്രികയിൽ നിറയുന്നോരാ സമാഗമത്തിനായ്!


--- കൃഷ്ണരാജ് എം (03/03/2021)

ചന്ദ്രഗാന്ധാരം    അർദ്ധചന്ദ്രാ, നിൻ സൗകുമാര്യം  ഉണർത്തിയെൻ പ്രണയസ്വപ്നങ്ങളെ; സ്വർണ്ണ നിറത്താൽ ചാലിച്ചെഴുതിയ നിൻ - പ്രഭാവലയം, ഇന്നെനിക്കൊരു  ...