Wednesday, March 3, 2021


ചന്ദ്രഗാന്ധാരം 


 അർദ്ധചന്ദ്രാ, നിൻ സൗകുമാര്യം 

ഉണർത്തിയെൻ പ്രണയസ്വപ്നങ്ങളെ;

സ്വർണ്ണ നിറത്താൽ ചാലിച്ചെഴുതിയ നിൻ -

പ്രഭാവലയം, ഇന്നെനിക്കൊരു 

നവ്യാനുഭൂതിയാം ഹൃദയസ്പർശം.


അർദ്ധചന്ദ്രാ, നിൻ ശോഭയേറുന്നൊരീ-

രാത്രിയിൽ, വിരഹമായി മാറുന്നൊരീ കാത്തിരിപ്പു,

മടങ്ങുന്നൂ ഞാനെൻ മയക്കത്തിൽ

പ്രതീക്ഷയോടെ,  വീണ്ടുമൊരു മൈഥുന രാവിനായ്.


സൗരകിരണങ്ങൾ നിന്നെ മറച്ചു 

നിൽക്കുമ്പോഴും, എൻ കണിയായ് 

നിൻ മുഖം ഒരു നോക്ക് കാണുവാൻ 

ആഗ്രഹിച്ചീടുന്നൂ സഖീ!


വീണ്ടുമാ കാത്തിരിപ്പിന്നു വിരാമമായി,

പ്രദോഷം വന്നെത്തുന്നു, എൻ സുകൃതം.


അർദ്ധചന്ദ്രാ, രാത്രിയുടെ യാമങ്ങളിൽ 

ജനലരികിൽ വന്നെന്നെ തഴുകുന്ന  നിൻ-

അധരങ്ങളിൽ ഘനീഭവിച്ചൊരു കുളിരിനെ,

നുകരുന്നു ഞാൻ, നിൻ സ്നേഹ സമ്മാനം.


ഇന്നീ രാത്രിയിൽ വിടരുന്ന 

ചെമ്പകം, മുല്ലയും പാരിജാതവും,

പുതുശോഭയോടെ സൽസന്തതികളായി 

വാഴട്ടെ; സാക്ഷിയായ് നമ്മളിരുവരും.


അർക്കൻ ചുവപ്പണിയിച്ച സായം സന്ധ്യയിൽ,

വിടർന്നു നില്കുന്നൊരീ പാരിജാതച്ചോട്ടിൽ

കാത്തിരിക്കുന്നൂ, പ്രണയഗായകൻ.

ചന്ദ്രികയിൽ നിറയുന്നോരാ സമാഗമത്തിനായ്!


--- കൃഷ്ണരാജ് എം (03/03/2021)

Wednesday, December 23, 2020

മാസ്സ് സർവീലിയൻസ് 


വാതിൽ തുറന്നു, കൊളുത്തിട്ടു,

ജലധാരയുടെ ചോട്ടിൽ 

നഗ്നനായി, നിർവൃതിയണഞ്ഞു ഞാൻ!

വേഷം മാറി, വാതിൽ തുറക്കാൻ നേരം 

കേട്ടു, ആ നാദം, ഗൗരവ സ്വരം,

കണ്ടു ഞാൻ, ഭീമാകാരന്റെ 

കർമ്മ പരമ്പരയിലെ രണ്ടു കണ്ണുകൾ!


ഇന്നലെയും ചിലച്ചവൻ,

എന്റെ നഗ്നതയെ കാർന്നെടുത്തു.

ദിവസങ്ങളായി, മാസങ്ങളായി 

അവന്റെ മാസ്സ് സർവീലിയൻസ്!


ഇന്നവൻ വീണ്ടും വന്നു.

ഞാൻ നഗ്നനായില്ല,

ജലധാര തുറന്നില്ല,

ആർത്തിയോടെ, മുറിഞ്ഞു പോയ 

അവന്റെ വാലിനെ നോക്കിയിരുന്നു.

കർമ്മ പരമ്പരയുടെ വിജയം!


നാളെ ഞാൻ ജലധാര തുറക്കും,

അതിൻ ചോട്ടിൽ ആർത്തുല്ലസിക്കും.

അറ്റു പോയ വാൽ കൂട്ടിച്ചേർത്ത് 

സൂക്ഷ്മദര്ശിനികളുമായി 

അവൻ വീണ്ടും വരും.

ചിലച്ച്, ചിലച്ച്, പ്രയാണം തുടരും,

മൂഢന്മാർ നമ്മൾ!


----- കൃഷ്ണരാജ് എം (25/12/2019)

Monday, May 18, 2020

അരികെ 



അന്തരങ്ങളിൽ അലിഞ്ഞു ചേർന്നിരുന്ന 
നിൻ സ്നേഹം, അറിഞ്ഞോ അറിയാതെയോ 
പടികൾ കടന്നെൻ തിരുനെറ്റിയിൽ,
നറു സ്പര്ശമായ് ഘനീഭവിച്ചിരുന്നു!

തെറ്റുകളുടെ അഗാധതയിൽ അടിവേരറ്റ് 
വീഴുമ്പോഴും, കൈകൾ ബന്ധിച്ചിരുന്ന നിൻ 
മുടിച്ചുരുൾ സ്പർശം നൽകീ, പുതു ജീവൻ !
അണഞ്ഞു പോയെൻ കണ്ണുകൾ, നിൻ 
ധ്വംസനമേറ്റ്, ചലനമറ്റ്  കിടക്കുന്നിതാ ...

മാരി വന്നു, കൂടെ ജ്വലവിദ്യക്കാർ,
മിന്നലായ് , ഇടിയായ്, പേമാരിയായ് 
കുളിപ്പിച്ചു കിടത്തിയൊരെൻ ദേഹത്തെ.
ആയിരം സ്വർണ്ണാശ്വങ്ങൾ വന്നില്ല,
വന്നില്ലൊരെൻ ദേഹിയെ കൊണ്ട് പോകാൻ,
വന്നൂ, ആയിരം ദംഷ്ട്രകൾ, കപാലങ്ങൾ  !

അപ്പോഴും എന്നരികത്തിരുന്നു നീ, നിറ-
കണ്ണുകളുമായ്, മൃദുലമാം തലോടൽ !

ദംഷ്ട്രകൾക്കു മുന്നിൽ, രൗദ്രഭാവം പൂണ്ടു 
പത്തി വിടർത്തി നീ ആടിത്തിമിർത്തു..
പകൽ വെളിച്ചം പതിന്മടങ്ങ് വർധിച്ചു,
തിരു ഹൃദയം വീണ്ടും പുഞ്ചിരിച്ചു.
ഇണ പിരിയാത്ത നാഗങ്ങളായ് നമ്മൾ,
വീണ്ടുമാ വാകമരത്തിൻ ചോട്ടിൽ, 
നിൻ അശ്രു കണങ്ങൾ, ചുടു ചുംബനങ്ങൾ,
മുളച്ചുവെൻ അന്തരംഗങ്ങളിൽ പുതു ജീവൻ,
സഖീ, പൊറുക്കു നീയെൻ സ്നേഹാഭിനിവേശത്തെ !

കൃഷ്ണരാജ് എം (10/05/2020)
  

Sunday, May 20, 2018

പടവുകളിലെ പ്രണയം 

ഒരു വട്ടം കൂടി ഞങ്ങൾ വരും,
കൈകൾ ചേർത്തു  പിടിച്ച് , ഇണ ചേർന്ന് .
ഒരുപാടു കയ്‌പും മധുരവും പേറിയ 
ഓർമകളുടെ ആ കോണിപ്പടികളിൽ !

വിടാതെ എന്നെ ചേർത്ത് പിടിച്ച നിമിഷങ്ങൾ,
ചുണ്ടുകളും കരങ്ങളും ആലിംഗന മാധുര്യം 
നുകർന്ന വേളകൾ, നിൻ ഗന്ധം 
നിറഞ്ഞു നിന്നു ആ ചുമരുകൾക്കിടയിൽ !

കോണിപ്പടികൾ വീണ്ടും കയറി നാം ,
നീ തീർത്ത കരവലയത്തിൽ ഒരു -
പിഞ്ചു കുഞ്ഞിനെപ്പോലെ ,പാൽ ഗന്ധം പേറി,
അറിഞ്ഞു നിന്നിലെ ആ മാതൃ സ്പർശം !

ഉന്നതിയിലെ ജാലകങ്ങളെ ഭയന്നു നാം.
ജാലകക്കണ്ണുകൾ വെട്ടിച്ച് ,
പടവുകളിൽ പാദങ്ങൾ തൊട്ടിയുരുമ്മി ,
കണ്ണുകൾ പരസ്പരം നെയ്തെടുത്തു ,
പ്രണയമെന്ന സത്യം !

ഇന്നു നാം വീണ്ടും അതേ പടവുകളിൽ.
നന്ദി ചൊല്ലേണ്ടു നാം ,
വെറുത്തു പോയ ജാലകങ്ങളോട് ,
വസന്തകാലങ്ങൾക്കു സധൈര്യം 
മറ തീർത്ത വെണ്മതിലിനോടു !
അതിലുമുപരി നമ്മെ നയിച്ച 
പടവുകളോട് ! സാക്ഷിയായ്, 
നീ ഈ രാധാ - മാധവ സംഗമങ്ങൾക്ക് .

സ്മരിച്ചിടുന്നു ആ കൽപ്പടവുകളെ ,
പുതു നാമ്പുകൾ മുളക്കട്ടെ,
നിൻ വഴികളിൽ !

--- കൃഷ്ണരാജ് എം (15/05/2018)

Friday, March 30, 2018

അകലങ്ങളിൽ എവിടെ നിന്നോ നിൻ സ്വരം,
മൃദുലമായ് ഒഴുകുയെത്തുന്നുവെൻ ഹൃദയത്തിൽ.
കുളിരേകും മഴത്തുള്ളികളായ് നിൻ ശബ്ദ സ്പർശം,
ഒഴുകിയെത്തിയ മന്ദ മാരുതൻ കണക്കെ,
ശമിപ്പിച്ചെൻ വേദനകളെ, വിദ്വേഷ ദുഖങ്ങളെ.

                                                                                                  കൃഷ്ണരാജ് (30/03/2018)

Wednesday, June 17, 2015

പാനപാത്രം

 അപ്പവും  വീഞ്ഞും  വിഭജിച്ചു ..
വിഹായസ്  രക്തപങ്കിലം ...
കൊതിച്ചു നീയും ഞാനും ..
മറ്റൊരു  ഉയർതെഴുന്നെൽപ്പിനായ് ... 

ഒരു കൈ തന്നു ,
താങ്ങും  തണലുമായ്  നീ ..
കരങ്ങൾ കോർത്തിണക്കി  മുന്നേറി നാം .
തുറപ്പിച്ച  കണ്ണുകൾ 
ചോരയ്ക്കായ്‌ വാളോങ്ങി ...
പൊരുതി നാം ..
ഒരു വേള , 
ചതിച്ചു നമ്മെ , ആ വിശുദ്ധ പാനപാത്രം ...


കുടിച്ചു ഈ പാപി ,
നിൻ ചുടു രക്തം ...
ഒടുവിൽ  പാപ ഭാരമേറി നീ,
നടന്നു നീങ്ങി ..

പാനപാത്രങ്ങൾ  ഇനിയുമുണ്ടാകും ..
ഓർക്കുക , ഒറ്റുകാർ താഴ്വര കീഴടക്കും .
കുരിശിൽ  നിന്നിറ്റു   വീണ രക്തം ,
ചുവപ്പായിരുന്നു നിറം ..
വിപ്ലവത്തിന്റെ ചുവപ്പ് ..


ഉയര്തെഴുന്നെല്ക്കാൻ സമയമായ് ..
മഹാനഗരം  വിളിക്കുന്നു നിങ്ങളെ ,
അടിച്ചമർത്തപ്പെട്ടവന്റെ ,
കുരിശിൽ തറച്ചു തീർത്ത ,
സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാൻ ...
ഇറ്റു വീണ നിൻ ചോരത്തുള്ളികൾ ,
ഉയർത്തിപ്പിടിച്ചു ,
വിപ്ലവത്തിന്റെ പാനപാത്രം ...

                                                                                          കൃഷ്ണരാജ്  എം 
                                                                                   (17/06/2015)



Saturday, April 5, 2014

വെറുക്കപ്പെട്ടവൻ

അവനാകുന്നു  വെറുക്കപ്പെട്ടവൻ
പൊയ്പ്പോയ കാലത്തിൻ
മുറിവുകൾ ബാക്കിയായ് ..
ചേതനയറ്റ നിൻ ദേഹം
സാക്ഷിയായ് അവർ പ്രഖ്യാപിച്ചു  ,
നീയാകുന്നു  വെറുക്കപ്പെട്ടവൻ .. !!
കാറ്റു പോലും ഞെട്ടുന്നു , നിൻ രോദനത്താൽ ..
നിശ്ചലമാകുന്നു പ്രകൃതിയും ഞാനും ..


    സ്മരണകളിരമ്പുന്ന  നിൻ ബാല്യവും ,
 ചോര ചിന്തിയ നിൻ യൗവനവും ..
വിളിച്ചോതുന്നു , അതു നീയാകുന്നു ...
പ്രണയമെന്നു നിൻ സിരകളിൽ വേരോടിയോ ,
മറന്നു നീ സൗഹൃദ സ്പന്ദനത്തെ ..
പകൽ വെളിച്ചമായ് നിൻ  സൗഹൃദം ,
മറന്നു തുടങ്ങി ഞാനും ...


വൃശ്ചിക കാറ്റു വീശുന്നു , മയങ്ങുന്നു
നീ എൻ മടിത്തട്ടിൽ ..
പൊയ്പ്പോയ കാല  സ്മൃതികൾ
അലിഞ്ഞു ചേരുന്നു നിൻ
ചുടു രക്തത്തിൽ ..
അന്നു നിൻ നാമം വാഴ്ത്തുന്നു ,
വെറുക്കപ്പെട്ടവർ ...!!!!
വെറുക്കുവോളം  മറന്നിടും  നിൻ  ചിത്രം  ,
മറക്കുവോളം  വെറുക്കപ്പെടുന്നു  ഞാൻ ......

                                                                   ---- കൃഷ്ണരാജ്


ചന്ദ്രഗാന്ധാരം    അർദ്ധചന്ദ്രാ, നിൻ സൗകുമാര്യം  ഉണർത്തിയെൻ പ്രണയസ്വപ്നങ്ങളെ; സ്വർണ്ണ നിറത്താൽ ചാലിച്ചെഴുതിയ നിൻ - പ്രഭാവലയം, ഇന്നെനിക്കൊരു  ...